വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

26.6.10

അല്ലാഹുവിന്‍റെ കാരുണ്യം

ഇബ്രാഹിം നബി (അ) തനിച്ച് ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ആരെങ്കിലുമൊരാള്‍ അതിഥിയായി ഉണ്ടായിരിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ഒരിക്കല്‍ ഏഴു ദിവസം തുടര്‍ച്ചയായി ഒരൊറ്റ അതിഥിയെ പോലും കിട്ടാതെ വന്നു. അങ്ങനെ ഒരതിഥിയെ അന്വേഷിച്ച് അദ്ദേഹം പുറത്തിറങ്ങി. നടന്ന് നടന്ന് അവസാനം ഒരു കാട്ടിലെത്തി. അവിടെ ഒരു വൃദ്ധനെ കണ്ടു മുട്ടി. തല മുടിയും താടി രോമങ്ങളുമെല്ലാം പഞ്ഞി പോലെ വെളുത്ത ഒരു പടു കിഴവന്‍. ഇബ്രാഹിം നബി ആ വൃദ്ധനേയും കൂട്ടി വീട്ടിലേക്ക് നടന്നു.

അവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോള്‍  ഇബ്രാഹിം നബി ഒരു കാര്യം ശ്രദ്ധിച്ചു.അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാതെയാണ് വൃദ്ധന്‍ തീറ്റ ആരംഭിച്ചത്.


“ഇത്രയൊക്കെ പ്രായമായിട്ടും അതിനൊത്ത പക്വത താങ്കള്‍ക്കില്ലാതെ പോയല്ലോ” ഇബ്രാഹിം നബി അയാളെ ഗുണദോഷിച്ചു.


"എന്താണ് കാര്യം?" കിഴവന്‍ ചോദിച്ചു.


“ഭക്ഷണം കഴിക്കുമ്പോള്‍ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് തുടങ്ങണമെന്ന് താങ്കള്‍ക്കറിയില്ലേ?”


"ശരിയാണ്, പക്ഷെ ഞാന്‍ താങ്കളുടെ ദൈവത്തില്‍   വിശ്വസിക്കുന്നില്ല. എന്റെ ദൈവം അഗ്നിയാണ്. താങ്കളുടെ മതം പിഴച്ചതാണെന്ന് ഞങ്ങളുടെ മത പുരോഹിതന്മാര്‍  പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്" - വൃദ്ധന്‍  പറഞ്ഞു നിര്‍ത്തി.


തന്‍റെ  അതിഥി അഗ്നിയെ പൂജിക്കുന്നവനാണെന്നറിഞ്ഞപ്പോള്‍ ഇബ്രാഹിം നബിക്ക് കടുത്ത നിരാശയുണ്ടായി. അദ്ദേഹം അയാളോട് ഉടനെത്തന്നെ സ്ഥലം വിടാന്‍  കല്‍പിച്ചു.


അന്നേരം ആകാശ ലോകത്ത് നിന്ന് ഇപ്രകാരം വെളിപാടുണ്ടായി:


" ഓ ഇബ്രാഹിം, താങ്കള്‍ ആട്ടിയിറക്കിയ വൃദ്ധനുണ്ടല്ലോ. അയാളെ സൃഷ്ടിച്ചത് ഞാനാണ്. നൂറുകൊല്ലക്കാലം അയാള്‍ക്ക് ഞാന്‍ മുടങ്ങാതെ ഭക്ഷണം കൊടുത്തു.അയാള്‍ എന്നില്‍  വിശ്വസിക്കുന്നില്ല എന്നറിഞ്ഞു കൊണ്ടു തന്നെ.പക്ഷെ ഒരു നേരം പോലും അയാള്‍ക്ക് ഭക്ഷണം കൊടുക്കാന്‍  താങ്കള്‍ക്ക് കഴിഞ്ഞില്ല. അഗ്നി പൂജകനാണെന്നത് ശരി തന്നെ. പക്ഷെ, എല്ലാ മനുഷ്യരേയും പോലെ അയാള്‍ക്കും ഒരു ചാന്‍  വയറുണ്ടെന്നത് താങ്കള്‍ ഓര്‍ക്കേണ്ടതായിരുന്നു."


ഗുണപാഠം:


അന്യരെ ഊട്ടുമ്പോഴും അവര്‍ക്കു ദാന ധര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും അവരുടെ മത വിശ്വാസം നാം പരിഗണിക്കാവതല്ല, കാരണം ദൈവം സര്‍വ സൃഷ്ടികള്‍ക്കും അവന്റെ കാരുണ്യം ഒരേ പോലെ നല്‍കുന്നു. വായു, വെള്ളം, വെളിച്ചം എല്ലാം എല്ലാവരും ഒരേപോലെ അത് അനുഭവിക്കുന്നു. നമുക്കു നഷ്ടമായതും നാം സ്വായത്തമാക്കേണ്ടതും ആ ഗുണം തന്നെ!!